blog counter

0
പ്രളയവും. യുദ്ധവും, വിശപ്പുമായി ബന്ധപ്പെട്ട് പറഞ്ഞു കേട്ടിരുന്ന
കുട്ടിക്കാലത്തിലൂടെ, ഏകാന്തത, രോഗം, ദാരിദ്ര്യം,അന്തര്‍മുഖത്വം,
എന്നീ ചതുര്‍ദിക്പാലകരുടെ കാവലില്‍ വളര്‍ന്നുപോന്നു.
നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചു പാതി അനാഥനായി.
ചാലില്‍ കണ്ണൂക്കര എല്‍. പി .സ്കൂളില്‍നിന്ന്‍ കണക്കു പഠിപ്പിച്ച
കുഞ്ഞിരാമന്‍ മാഷിനെയും, റവ ഉണ്ടാക്കിയിരുന്ന
ജാനു അമ്മയേയും, മാത്രമേ ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ കഴിയുന്നുള്ളൂ.
പുളിവാറുകൊണ്ടടിച്ചു പഠിപ്പിച്ചിട്ടും കണക്കുകളൊക്കെയും
തെറ്റിപോകുന്ന ഒരു ജീവിതത്തിനിപ്പുറമിരുന്നു മാഷിനെ
ഓര്‍ക്കാതിരിക്കാന്‍ വയ്യ..വിശപ്പ്‌ തിന്നു വയറു നിറയുമ്പോളൊക്കെ,
അടുപ്പിലേക്ക് കരഞ്ഞുകൊണ്ട്‌തീയൂതിയിരുന്ന ജാനുവമ്മയേയും
ഓര്‍ക്കാതിരിക്കാന്‍ വയ്യ, ആ കരച്ചിലിന്റെ അര്‍ത്ഥം ഇപ്പോഴും
പിടികിട്ടുന്നില്ലെങ്കിലും....
മഴ തുള വീഴ്ത്തിയ താഴാപ്പായയില്‍, അച്ഛന്റെ മരണതീയതി
എഴുതിവച്ച മച്ചിലേക്ക് നോക്കികിടക്കുമ്പോള്‍ കരച്ചിലും, മഴയും,
ഞാന്‍ തന്നെയായി മാറിയിരുന്നു പലപ്പോഴും!
അടുക്കളയില്‍ മിക്കപ്പോഴും ഉണക്ക കപ്പ പുട്ടുണ്ടാക്കി
കൊണ്ടിരിന്ന അച്ഛന്‍ പെങ്ങള്‍ തങ്കേച്ചി, ജാലകങ്ങളിലൂടെ
വളര്‍ന്നു ഒരാല്‍മരം സൃഷ്ട്ടിച്ചു കൊണ്ടിരുന്നതൊരാശ്വാസം...

ഒഞ്ചിയം യു. പി. സ്കൂളില്‍ ജീവശാസ്ത്രം ക്ലാസില്‍
ഫല്‍ഗുനന്‍ മാഷ്‌ തവളയെ നെടുകെ കീറി പലകയില്‍
തറച്ച് ക്ലാസില്‍ കൊണ്ടുവന്ന ദിവസം തലകറങ്ങി വീണ
നസീമ, ഉപ്പയില്ലാത്ത രണ്ടു മക്കളെയുംകൊണ്ട് ഒരിടവഴിയില്‍
പൊട്ടിവീണത് ഒരവധിക്കാല അത്ഭുതം!

മടപ്പള്ളി ഹൈസ്കൂളില്‍ കണക്കു പഠിപ്പിച്ചിരുന്ന
രവീന്ദ്രന്‍ മാഷ്‌ മയ്യഴിപ്പുഴയില്‍ ചാടി മരിച്ചു കൊണ്ട്
കണക്കുകള്‍ തെറ്റാമെന്നു തെളിയിച്ചു..അന്നുമുതാലാവണം
അക്കങ്ങളെക്കാള്‍ ഭേദം അക്ഷരങ്ങളാവാം തോന്നി തുടങ്ങിയത്!

വടകര കോ-ഓപ്പറെറ്റീവ് കോളേജിലെ ഒന്നാം ബെഞ്ചില്‍
നിന്നും ഇന്നും നീണ്ടു വരുന്നൊരു കൈ ഉണ്ട്!സീറോ ബാബു
എന്ന സുഹൃത്തിന്റെ....ഇപ്പോഴും ഒറ്റപ്പെടല്‍
ശ്വാസം മുട്ടിക്കുമ്പോള്‍ കണ്ണുകള്‍ പൂട്ടി വെച്ച് കൈവിരലുകള്‍
വിടര്‍ത്തിപ്പിടിച്ചിരുന്നാല്‍, സ്വയം കൈവിരലുകല്‍ക്കിടയിലേക്ക്
കയറി വരുന്നുണ്ട് അവന്റെ വിരലുകള്‍...
"നീ തന്നെയാണെടാ ഞാനും" എന്ന് പറയുമ്പോലെ....

ആകാശം ഇടിഞ്ഞു വീഴും മുമ്പേ ഓടി രക്ഷപ്പെട്ട പരിചയങ്ങള്‍..!
ഇരുമ്പ് വിലപോലും കിട്ടാത്ത പഴയ സ്വപ്‌നങ്ങള്‍....!
കോണിച്ചുവട്ടിലെ ഇരുളില്‍ നിരന്തരം കേട്ടിരുന്ന
ആളറിയാ നിലവിളികള്‍...ഓരോ തവണ കല്ലോതുക്കിറങ്ങുമ്പോളും
തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്ന അമ്മ...
"ഇനിയും വരാറായില്ലേ"എന്ന പരാതിയില്‍ പരിഭവത്തിന്റെ
അര്‍ധോക്തികള്‍ നിറക്കുന്ന ഭേതപ്പെട്ട പാതി..
"ഞാന്‍ സ്വയം ചോറുതിന്നു തുടങ്ങി അപ്പാ" എന്നു കൊതിപ്പിക്കുന്ന
മകള്‍ അലമേലു.എനിക്കും അവര്‍ക്കും ഇടയിലെ കടല്‍,
ചിലപ്പോള്‍ സ്നേഹത്തിന്റേത്... ചിലപ്പോള്‍ കാലുഷ്യത്തിന്റെത്...
ചിലപ്പോള്‍ നിലവിളികളുടെത്....!
മറ്റുചിലപ്പോള്‍ മയ്യഴിപ്പുഴ കടലിലേക്കിറക്കിവിട്ട ഒരു കണക്കുമാഷിന്റേത്...!

ആമാശയം എന്നെ കടവത്തൂര്‍,സുല്‍ത്താന്‍ ബത്തേരി, തിരിപ്പൂര്‍,
ബോംബെ, ജിദ്ദ വഴി കുവൈത്തിലേക്ക് നാടുകടത്തി...
ഇപ്പോള്‍ ശ്വാസംമുട്ട്, നടുവേദന, ഉറക്കമില്ലായ്മ, എന്നിവയിലേക്ക്
ശരീരത്തെ മാറ്റിപ്പാര്‍പ്പിച്ച്, തൊഴില്‍ അധിഷ്ഠിത പിരിമുറുക്കങ്ങള്‍
അതിജീവിക്കാന്‍ വൃഥാവ്യായാമം ചെയ്തു ഉള്ളില്‍ സ്വയം
കലാപം കൂട്ടി കഴിഞ്ഞുകൂടുന്നു...
(സുഹൃത്തേ, ഇത്രയും ക്ഷമയോടെ വായിച്ച നീ എനിക്കെന്തു
വിലയിടും? വെറുതെ ഒന്നറിയാന്‍, എന്നെങ്കിലും മുറിച്ചു
വില്‍ക്കേണ്ടി വരുമ്പോള്‍ ഒരു ഊഹത്തിന്....)
Read more